തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയണമെന്ന് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നു; പരാതിയുമായി സൈബർ വിദഗ്ദ്ധൻ

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് സൈബർ വിദഗ്ദ്ധൻ. സൈബർ വിദഗ്ദ്ധനും കോഴിക്കോട് സ്വദേശിയമായ സായ് ശങ്കറാണ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ ബി രാമൻപിളളയുടെ പേര് പറയണമെന്ന് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയിലെത്തിയത്. ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെടുന്നു.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചതെന്ന് സായ് ശങ്കർ ആരോപിക്കുന്നു.

കേസിലെ തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സഹായം കേസിലെ പ്രതികൾക്ക് ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനും അഭിഭാഷകനും എന്തെല്ലാം സഹായം ചെയ്തുകൊടുത്തു എന്നും അറിയുകയായിരുന്നു ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.