എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്ന് തന്നെയായിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണ് ഈ രീതി തെരഞ്ഞെടുത്തത്. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നിലനിന്ന അസാധാരണ സാഹചര്യം പരിഗണിച്ചാണ് കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ ഇത്തവണ സാഹചര്യം വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 ന് ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ഏപ്രിൽ 2 നാണ് പരീക്ഷ അവസാനിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ മധ്യവേനൽ അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 1 ന് തന്നെ സ്‌കൂളുകൾ തുറക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ നടത്തും. അടുത്ത വർഷത്തെ അക്കാദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് മെയ് മാസത്തിൽ പരിശീലനം നൽകും.

എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 22 ന് അവസാനിക്കും. പ്ലസ് വൺ/വി എച്ച് എസ് ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെയായിരിക്കും നടക്കുക. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ എസ് എസ് ഹയർ സെക്കണ്ടറി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.