ന്യൂഡൽഹി: യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തുന്ന മലയാളികളെ സൗജന്യമായിത്തന്നെ നാട്ടിലെത്തിക്കാൻ തീരുമാനിച്ച് കേരളം. സംസ്ഥാന സർക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറിയുടെയും പ്രത്യേക നിർദ്ദേശം ലഭിച്ചതായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി അറിയിച്ചു.
യുക്രൈനിൽ നിന്നുളള ഇന്ത്യക്കാരെയും വഹിച്ച് റുമേനിയയിൽ നിന്നും രണ്ട് വിമാനങ്ങളാണ് രാജ്യത്തെത്തുന്നത്. ഇതിൽ ഒരെണ്ണം ഡൽഹിയിലും മറ്റൊന്ന് മുംബൈയിലുമാണ് ലാൻഡ് ചെയ്യുക. ഈ വിമാനങ്ങളിലുള്ള മലയാളികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇവർക്ക് ഡൽഹിയിൽ തന്നെ താമസ സൗകര്യം ഏർപ്പെടുത്താനും സൗജന്യമായി നാട്ടിലെത്തിക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്.
17 മലയാളികൾ ഉൾപ്പെടെ 470 പേരടങ്ങുന്ന സംഘമാണ് ഇന്ന് യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തുകയെന്ന് വേണു രാജാമണി അറിയിച്ചു. നിലവിൽ ഇനിയെന്ത് എന്നത് പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് യുക്രെയിനുമായി റഷ്യ ചർച്ചയ്ക്ക് തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

