കെ റെയിൽ പദ്ധതിക്കെതിരേ കേരളത്തിൽ കോൺഗ്രസ് മഹാപ്രക്ഷോഭം നടത്തും; കെ സുധാകരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ച് കോൺഗ്രസ്. മോദി സർക്കാരിനെതിരെ ഡൽഹിയിൽ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിനു സമാനമായ രീതിയിൽ കെ റെയിൽ പദ്ധതിക്കെതിരേ കേരളത്തിൽ കോൺഗ്രസ് മഹാപ്രക്ഷോഭം നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. മെട്രോമാൻ ഇ. ശ്രീധരനെ പോലുള്ളവരെ പങ്കെടുപ്പിച്ച് ബോധവത്കരണ സെമിനാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ റെയിൽ പദ്ധതി കേരളത്തിന് അങ്ങേയറ്റം ഹാനീകരമാണ്. അതിനാൽ തന്നെ എന്തുവില കൊടുത്തും പദ്ധതിയെ എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമാണ് ഇനി കേരളത്തിൽ അലയടിക്കാൻ പോകുന്നതെന്നും അദ്ദേഹം വിശദമാക്കി. ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കെ റെയിലിനെതിരെ സമരരംഗത്തുള്ള ബിജെപിയെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. കെ റെയിലിന് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് എഴുന്നേറ്റ് നിന്ന് പറയാൻ കെ. സുരേന്ദ്രനും കൂട്ടർക്കും ധൈര്യമുണ്ടോ എന്ന് താൻ വെല്ലുവിളിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവരേക്കാൾ കെ റെയിലിന്റെ രണ്ട് വശത്തും താമസിക്കുന്നവർക്കാണ് വലിയ പ്രശ്‌നങ്ങൾ വരാൻ പോകുന്നത്. അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും. യോഗങ്ങളിൽ പ്രസംഗിക്കാൻ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്‌സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരേയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാർ. ആദ്യത്തെ ഒരു മാസം ഇത്തരത്തിൽ ബോധവത്കരണമാകും നടത്തുക. മാർച്ച് ഏഴിന് വൻ ജനപങ്കാളിത്തത്തോടെ കളക്ടറേറ്റുകളിലേക്ക് മാർച്ചുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.