എം മുകുന്ദന്റെ ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഉടൻ പ്രേക്ഷകരിലേക്ക്; ഷൂട്ടിംഗ് പൂർത്തിയായി

എഴുത്തുകാരൻ എം.മുകുന്ദൻ തിരക്കഥ രചിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഹരികുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. എം മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രമാണിത്. സ്ത്രീ ശാക്തീകരണമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് എം മുകുന്ദൻ അറിയിച്ചു. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. എന്റെ ആദ്യചിത്രമായ ‘ദൈവത്തിന്റെ വികൃതിയിൽ’ തിരക്കഥയിൽ ആദ്യഘട്ടങ്ങളിൽ ഞാൻ സഹകരിച്ചിരുന്നു. തന്റെ മറ്റൊരു ചിത്രമായിരുന്ന ‘മദാമ്മ’ പൂർണ്ണമായും ആ ചിത്രത്തിന്റെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്. ‘ഓട്ടോറിക്ഷക്കാരൻറെ ഭാര്യയാണ് ഞാൻ പൂർണ്ണമായും എഴുത്തിൽ പൂർത്തിയാക്കിയ ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോർത്തിണക്കിയാണ് ഒരു സിനിമയുടെ പൂർണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നതെന്നും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിൽ ഏറെ സഹായിച്ചത് പ്രൊഡക്ഷൻ ഹൗസായ ബെൻസി പ്രൊഡക്ഷൻസും നിർമ്മാതാവ് കെ വി അബ്ദുൾ നാസറുമാണ്. തങ്ങളുടെ പ്രിയപ്പെട്ട ബോസിന്റെ (കെ.വി.അബ്ദുൾ നാസർ )പൂർണ്ണ സഹകരണമാണ് ഈ സിനിമയെ വിജയകരമായി പൂർത്തീകരിക്കാൻ വഴിയൊരുക്കിയത്. വളരെ ശാന്തമായി ഒരു കാര്യത്തിലും ഇടപെടാതെ ബോസ് സിനിമയെ പിന്തുണച്ചു. സിനിമാക്കാരുടെ പൊതുവെയുള്ള കർക്കശ സ്വഭാവമോ ജാഡയോ ഒന്നും അദ്ദേഹം കാണിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പെരുമാറ്റവും സമീപനവുമായിരുന്നു അദ്ദേഹത്തിൻറേത്. അദ്ദേഹത്തിന്റെ നല്ല മനസ്സ് തന്നെയാണ് ഈ സിനിമയുടെ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് സൂരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനുമാണ്. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്,ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.