തിരുവനന്തപുരം: പുത്തന്‍ പരിഷ്‌കാരങ്ങളുമായി കെഎസ്ആര്‍ടിസി. ഇനി ദീര്‍ഘദൂര സര്‍വ്വീസുകളില്‍ വെല്‍ക്കം ഡ്രിങ്കും സ്‌നാക്‌സും സൗജന്യമായി നല്‍കും. വായിക്കാന്‍ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യും. ബസിലെ ശുചിത്വം ഉറപ്പു വരുത്തുകയും, ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ച് നല്‍കുകയും ചെയ്യും. മാത്രവുമല്ല ലഗേജുകള്‍ എടുത്തു വെക്കാന്‍ കണ്ടക്ടര്‍മാരുടെ സഹായവും ലഭിക്കും. പുതിയ സ്വിഫ്റ്റ് കമ്പനിയുടെ ബസുകളിലാണ് ഇത്തരം മാറ്റം വരാന്‍ പോകുന്നത്.
അതേസമയം, സ്വിഫ്റ്റ് കമ്പനിയിലേക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എട്ട് മണിക്കൂറാണ് ഡ്യൂട്ടി സമയം. 715 രൂപയാണ് ദിവസ വേതനം. എന്നാല്‍, അധികമുള്ള ഒരു മണിക്കൂറിന് 100 രൂപ, രണ്ട് മണിക്കൂറിന് 175 രൂപ അതിന് ശേഷമുള്ളതിന് 375 രൂപ എന്നിങ്ങനെ ലഭിക്കും. യാത്രക്കാരോടുള്ള പെരുമാറ്റം വിലയിരുത്തി ജീവനക്കാര്‍ക്ക് സമ്മാനങ്ങളും നല്‍കും.
പത്താം ക്ലാസ് പാസായ ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസാണ്. ഫെബ്രുവരി എട്ട് വരെ www.cmdkerala.net എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

