ക്ഷീണം അകറ്റി ശരീരത്തെ ഊർജസ്വലമാക്കാം; ഈ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നുവെന്ന് ഒരിക്കലെങ്കിലും തോന്നാത്തവർ ഉണ്ടാകില്ല. വിവിധ രോഗങ്ങൾ കാരണമോ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയ കാരണങ്ങൾ മൂലമോ നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കും. ജോലിയെ വരെ ചിലപ്പോൾ ഈ ക്ഷീണം പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ട്.

നന്നായി ഉറങ്ങിയിട്ടും സമയത്തിന് ആഹാരം കഴിച്ചിട്ടും ക്ഷീണം വിട്ടു മാറാതെ തുടരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആവശ്യമുള്ള പോഷകങ്ങൾ ഇല്ലാത്തതിനാലാകും. ഇത് തടയാൻ ശരീരത്തെ ഊർജ്ജസ്വലമാക്കാൻ സഹായിക്കുന്ന ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അഞ്ച് സൂപ്പർ ഫുഡുകളെ പരിചയപ്പെടാം.

  1. ബീറ്റ്‌റൂട്ട്

ഇരുമ്പ് സത്ത് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് ബീറ്റ്‌റൂട്ട്. ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്ന കോശങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ബീറ്റ്‌റൂട്ടിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കോശങ്ങളിലേക്കുള്ള വിതരണം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് സഹായിക്കും.

  1. ചീര

പോഷക ഗുണങ്ങളുടെ കലവറയാണ് ചീര. ഇരുമ്പ് സത്തയും ചീരയിലുണ്ട്. ധാതുക്കളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ചീര കഴിക്കുന്നതിലൂടെ ശരീരത്തിന് ഊർജവും ഉണർവും ലഭിക്കും.

  1. മുട്ട

ഇരുമ്പ്, കൊളീൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി-12 എന്നിവയാൽ സമ്പന്നമാണ് മുട്ട. ക്ഷീണമകറ്റാനും ദിവസം മുഴുവൻ ശരീരത്തിന് ഊർജ്ജം പകരാനും മുട്ട കഴിക്കുന്നത് സഹായിക്കും. ഉയർന്ന നിലവാരത്തിലുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

  1. പഴം

സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് പഴം. പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവ പഴത്തിലുണ്ട്. ഊർജ്ജത്തിന്റെ തോത് ഉയർത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ്‌സും പഴത്തിൽ ധാരാളമുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാനും പഴം കഴിക്കുന്നത് നല്ലതാണ്.

  1. ഈന്തപ്പഴം

ഊർജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സൾഫർ, കോപ്പർ, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.