മുംബൈ: ബിജെപി ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ രംഗത്ത്. ബിജെപിയുടെ സഖ്യകക്ഷിയായി ശിവസേനയുടെ 25 വര്‍ഷം പാഴായെന്നും അദ്ദേഹം പറഞ്ഞു. അകാലിദളും ശിവസേനയും പോലുള്ള പഴയ ഘടകകക്ഷികള്‍ വിട്ടു പോയതിനാല്‍ എന്‍ഡിഎ സഖ്യം ചുരുങ്ങിപ്പോയെന്നും താക്കറെ അഭിപ്രായപ്പെട്ടു.
ശിവസേന ബിജെപിയെയാണ് വേണ്ടെന്നു വച്ചത്, ഹിന്ദുത്വത്തെ അല്ല. അധികാരത്തിനുവേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല. ദേശീയ തലത്തില്‍ ശിവസേനയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിക്കുന്നത്. രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി അവരുടെ സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും താക്കറെ കുറ്രപ്പെടുത്തി.
പാര്‍ട്ടി സ്ഥാപകനും പിതാവുമായ ബാല്‍ താക്കറെയുടെ 96-ാം ജന്മവാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ.

