ചികിത്സാ പ്രതിസന്ധിയില്ല; കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് തയ്യാറെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിലെ ആശുപത്രികളില്‍ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കല്‍ കോളജുകളിലും ചികിത്സാ പ്രതിസന്ധിയില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ എടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി 40 ഐസിയു ബെഡുകള്‍ ഉണ്ട്. എന്നാല്‍, നിലവില്‍ രോഗികള്‍ ഉള്ളത് 20 എണ്ണത്തില്‍ മാത്രമാണ്. കൊവിഡ് ഇതര രോഗികള്‍ക്കും ആശുപത്രിയില്‍ വേണ്ടത്ര സൗകര്യം ഉണ്ട്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച ഐസിയു ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.