വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുത്; സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ജോലി സംബന്ധമായതും, സർക്കാർ സംബന്ധമായതുമായ വിവരങ്ങൾ കൈമാറാൻ വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി കേന്ദ്രം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ കമ്യൂണിക്കേഷൻ മാർഗ്ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ ആപ്ലിക്കേഷനുകൾ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.

വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ സർക്കാർ ജീവനക്കാർ ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങൾ വിവിധ രഹസ്വന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതുക്കിയ മാർഗ്ഗരേഖ പുറത്തിറക്കിയത്. വർക്ക് ഫ്രം ഹോം ജോലിയിൽ ഏർപ്പെടുന്ന ജീവനക്കാർ പൂർണ്ണമായും ഇ- ഓഫീസ് അപ്ലിക്കേഷൻ വഴി മാത്രമേ ആശയ വിനിമയം നടത്താൻ പാടുള്ളൂവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ നിർമ്മിച്ച വിപിഎൻ വഴിയുള്ള ഇ-ഓഫീസ് വഴി മാത്രമെ ജോലി സമയത്ത് ജോലി സംബന്ധമായ പ്രധാന രേഖകൾ കൈമാറാൻ പാടുള്ളൂ. എല്ലാ മന്ത്രിമാരും അവരുടെ ഓഫീസുകളും ഇപ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് മാറ്റാൻ വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കണം. ഒഫീഷ്യൽ രേഖകൾ ഒരിക്കലും മൊബൈലിൽ ഫയലുകളായ സൂക്ഷിക്കരുതെന്നും നിർദ്ദേശമുണ്ട്.

അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും ഔദ്യോഗിക രേഖകൾ കൈമാറരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള സെർവറുകളിൽ സർക്കാറിന്റെ രേഖകൾ എത്തുന്നത് രാജ്യ സുരക്ഷ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. രാജ്യസുരക്ഷ പോലുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഒരിക്കലും സ്മാർട്ട്‌ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഉപയോഗിക്കരുത്. തന്ത്ര പ്രധാന ഓഫീസുകളിൽ വെർച്വൽ അസിസ്റ്റൻറുകളായ ആമസോൺ അലക്‌സ, ഗൂഗിൾ ഹോം, ആപ്പിൾ ഹോം പോഡ് എന്നിവയും ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.