സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ സിപിഎം സമ്മേളനങ്ങള്‍ക്ക് അനുകൂലം; വിമര്‍ശനവുമായി വി.ഡി സതീശന്‍

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ സി പി എം സമ്മേളനം നടത്താന്‍ വേണ്ടിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന് വേണ്ടിയാണ് ജില്ലകളെ എ, ബി, സി കാറ്റഗറിയായി തരം തിരിച്ചതെന്നും തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് അദ്ദേഹം ആരോപിച്ചു.

നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം തൃശൂരും കാസര്‍ഗോഡും കര്‍ശന നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നില്ല. ടിപിആര്‍ പ്രകാരം തൃശ്ശൂരും കാസര്‍കോടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ വേണ്ടിയുള്ള ഇത്തരം പ്രവൃത്തി അപഹാസ്യമായിപ്പോയെന്നും, സിപിഎം സമ്മേളനങ്ങള്‍ കൊവിഡ് ബാധ കൂടാനുള്ള കാരണമായെന്നും സതീശന്‍ കുറ്റപ്പെടുത്തി.

എകെജി സെന്ററില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത്. പൊതുപരിപാടികള്‍ റദ്ദാക്കിയെന്ന ഉത്തരവ് കാസര്‍കോട് ജില്ലാ കളക്ടര്‍ നിമിഷങ്ങള്‍ക്കകമാണ് റദ്ദാക്കിയത്. ആരോഗ്യ വകുപ്പ് നിശ്ചലമാണെന്നും, ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.