ചാറ്റില്‍ നിന്നും പുറത്ത് വന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടേയിരിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ വോയിസ് മെസേജുകള്‍ പ്ലേ ചെയ്തുകൊണ്ടിരിക്കെ മറ്റ് ചാറ്റുകളിലേക്ക് പോകാനോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനോ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഐഒഎസ് ഉപയോക്താക്കള്‍ക്കായുള്ള വാട്‌സ്ആപ്പ് ബീറ്റയിലും ഐഒഎസിനായുള്ള വാട്‌സ്ആപ്പ് ബിസിനസ്സിന്റെ ബീറ്റയിലുമാണ് പുതിയ വോയിസ് മെസേജ് പ്ലെയര്‍ സംവിധാനം കൊണ്ടു വന്നിരിക്കുന്നത്.

വാട്‌സ്ആപ്പ് ഗ്ലോബല്‍ വോയ്സ് മെസേജ് പ്ലെയര്‍

ഐഒഎസിനുള്ള വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 22.1.72ലാണ് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഗ്ലോബല്‍ വോയ്സ് മെസേജ് പ്ലേയര്‍ എന്ന ഫീച്ചര്‍ പുറത്തിറക്കിയത്. ഈ പുതിയ ഫീച്ചര്‍ സ്‌ക്രീനിന്റെ മുകളില്‍ കാണുമെന്നും വാട്‌സ്ആപ്പില്‍ നിന്ന് മറ്റേതെങ്കിലും ആപ്പിലേക്ക് മാറുമ്പോഴും വോയ്സ് മെസേജുകള്‍ കേള്‍ക്കുന്നത് തുടരാന്‍ ഉപയോക്താക്കളെ സഹായിക്കുമെന്നുമാണ് സൂചനകള്‍. സാധാരണയായി, ഒരു ഉപയോക്താവ് ചാറ്റില്‍ നിന്ന് മാറുകയും അവര്‍ക്ക് ഓഡിയോ മെസേജ് ലഭിച്ച ചാറ്റില്‍ നിന്ന് പുറത്ത് കടക്കുകയോ ചെയ്താല്‍ വോയ്സ് മെസേജുകള്‍ പ്ലേ ചെയ്യുന്നത് ഉടന്‍ അവസാനിക്കാറുണ്ട്.

അതേസമയം, പുതിയ ഗ്ലോബല്‍ വോയിസ് മെസേജ് പ്ലെയര്‍ എന്ന ഫീച്ചര്‍ വന്നുകഴിഞ്ഞാല്‍ ഒരു വോയിസ് മെസേജ് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മറ്റൊരു ചാറ്റിലേക്ക് പോകാന്‍ സാധിക്കും. അതുകൊണ്ട് തന്നെ വോയിസ് കേള്‍ക്കുന്ന സമയത്ത് മറ്റ് പ്രവര്‍ത്തനങ്ങള്‍ ഫോണില്‍ ചെയ്യാനും സാധിക്കും. ഒരു വോയിസ് കേട്ടിരിക്കാന്‍ ആ ചാറ്റ് തന്നെ ഓപ്പണാക്കി വെക്കേണ്ടി വരുന്നില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത.