രോഗലക്ഷണങ്ങളെ നിസാരമായി കാണരുത്; സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്ന് മന്ത്രി പറഞ്ഞു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കോവിഡല്ല എന്ന് കരുതരുതെന്നെന്ന് മന്ത്രി വ്യക്തമാക്കി.

ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോ?ഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണം. ഡെൽറ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്‌ക് തന്നെ ധരിക്കണം. കണ്ണിന് കാണാൻ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്‌സിൽ നിന്ന് പോലും വൈറസ് പടർന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ നിർബന്ധമായും സ്വീകരിക്കണം. മുൻനിര പ്രവർത്തകരും മറ്റ് അർഹരും ബൂസ്റ്റർ ഡോസ് എടുക്കണം. പൊതുജനങ്ങൾ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണമെന്നും സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു.