റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ ന്യൂനപക്ഷ പരാമര്‍ശം പ്രത്യേക അജണ്ട വെച്ചാണെന്ന് കെ. മുരളീധരന്‍ എം.പി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം പ്രത്യേക അജണ്ട മുന്നില്‍ വച്ചാണെന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി.

പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയില്‍ ഇരിക്കേണ്ടതിനാല്‍ മരുമകനും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുയാണ് ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിയാസിന് അധികാരം ലഭിക്കട്ടെയെന്നും അതിനു കോടിയേരി എന്തിനാണ് വര്‍ഗീയത പറയുന്നതെന്നും മുരളീധരന്‍ ചോദിച്ചു. പിണറായിയുടെ മനസിലിരിപ്പ് കണ്ടാണ് കോടിയേരി നിരന്തരം ന്യൂനപക്ഷ പരാമര്‍ശവുമായി രംഗത്തെത്തുന്നതെന്നും എംപി ആരോപിച്ചു.

കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരുമില്ല എന്ന ആരോപണം ആവര്‍ത്തിച്ച് കഴിഞ്ഞ ദിവസവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തെ നേതാക്കളെ എല്ലാം പാര്‍ട്ടി ഒതുക്കി വെച്ചിരിക്കുകയാണെന്നും കോടിയേരി നേരത്തെ പറഞ്ഞിരുന്നു.