കൊവിഡ്: 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സുപ്രീംകോടതിയില്‍

കൊവിഡ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചവരില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. 27,274 അപേക്ഷകള്‍ ലഭിച്ചിരുന്നതില്‍ 80 ശതമാനം പേര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് പുറത്തുവിട്ട കണക്കുകളേക്കാള്‍ കൊവിഡ് മരണനിരക്ക് ഒമ്പത് മടങ്ങ് വരെ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ കണക്കുകളിലാണ് ഇത് സൂചിപ്പിക്കുന്നത്.

കൊവിഡ് നഷ്ടപരിഹാരമായി 50,000 രൂപവീതം കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ ഇത് നല്‍കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.