അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒൻപത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്; കോടിയേരി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ച് കൊല്ലം പിന്നിട്ട സർക്കാരിനോടാണ് ഒൻപത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് സാവകാശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ ഉയർന്നിരിത്തുന്ന വിമർശനം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തും. ഒന്നാം പിണറായി സർക്കാർ കൊള്ളാം എന്നാൽ രണ്ടാം പിണറായി സർക്കാർ പോര, ആഭ്യന്തര വകുപ്പിൽ പിടി അയയുന്നു എന്നിങ്ങനെയാണ് സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന വിമർശനങ്ങൾ. മന്ത്രി ഓഫീസുകൾക്ക് വേഗത പോരെന്നായിരുന്നു പാളയം ഏര്യാ കമ്മിറ്റിക്ക് വേണ്ടി വി കെ പ്രശാന്ത് ചൂണ്ടിക്കാട്ടിയത്. ആരോഗ്യമന്ത്രിക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ലെന്നായിരുന്നു കോവളം ഏരിയാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. വ്യവസായ വകുപ്പിനെതിരെയും തദ്ദേശ വകുപ്പിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.