പണം അയക്കാന്‍ ആധാര്‍ മാത്രം മതി! ഭീം ആപ്പിനെ കുറിച്ചറിയാം

സാങ്കേതിക വിദ്യയുടെ വളര്‍ച്ച നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലായി നടത്താന്‍ ഇന്ന് നമ്മുടെ മുന്‍പില്‍ പല വഴികളുമുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ അതില്‍ പ്രധാനമാണ്. എന്നാല്‍, യുപിഐ അഡ്രസ് ഇല്ലാതെ ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഭീം ആപ്ലിക്കേഷന്‍ വഴി പണം അയക്കാനുള്ള മാര്‍ഗമാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യം യൂസേഴ്‌സ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി ആപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം ആപ്പ്. യുഎസ്എസ്ഡി സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഭീം ആപ്പ് ഉപയോഗിക്കാനും പണം അയയ്ക്കാനും ഇന്റര്‍നെറ്റിന്റെ ആവശ്യം പോലും വരുന്നില്ലെന്നതാണ് പ്രത്യേകത. സ്വീകര്‍ത്താവിന് ഫോണോ യുപിഐ അഡ്രസോ ഇല്ലെങ്കില്‍ കൂടിയും ഈ ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നു. ആര്‍ക്കാണോ പണം അയയ്‌ക്കേണ്ടത്, അയാളുടെ 12 അക്ക ആധാര്‍ നമ്പര്‍ മാത്രമാണ് ഭീം ആപ്പ് വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പണം അയയ്ക്കാന്‍ വേണ്ടത്.

ആധാര്‍ ഉപയോഗിച്ച് ഭീം ആപ്പില്‍ പണം അയയ്ക്കുന്നത് എങ്ങനെ?

ഇതിനായി ആദ്യം ഭീം ആപ്പില്‍ ലോഗിന്‍ ചെയ്യുക.

ആപ്പില്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍, യൂസര്‍ ബെനിഫിഷറീസ് ഓപ്ഷനിലേക്ക് പോകേണ്ടി വരും.

അവിടെ നിങ്ങള്‍ ആര്‍ക്കാണോ പണം അയയ്ക്കുന്നത്, അയാളുടെ ആധാര്‍ നമ്പര്‍ നല്‍കുക.

തുടര്‍ന്ന് ആധാര്‍ നമ്പര്‍ വെരിഫൈ ചെയ്ത് ഉറപ്പിക്കാന്‍ ആപ്പ് നിങ്ങളോട് ആവശ്യപ്പെടും.

സിസ്റ്റം ആധാര്‍ ലിങ്കിങ് വെരിഫൈ ചെയ്ത് ഉറപ്പിക്കുകയും ഗുണഭോക്താവിന്റെ വിലാസം പോപ്പുലേറ്റ് ചെയ്യുകയും ചെയ്യും.

ഇനി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പണം അയയ്ക്കാവുന്നതാണ്.

പണം അയയ്ക്കുന്ന ആള്‍ ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്ത് സംഭവിക്കും?

ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് നടത്തുമ്പോള്‍, നിങ്ങള്‍ ഏത് ബാങ്ക് വഴിയാണോ പണമയയ്ക്കാന്‍ ആഗ്രഹിക്കുന്നത്, ആ ബാങ്കിന്റെ പേര് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും. ഈ രീതി ഉപയോഗിച്ച് ഓരോ തവണയും പേയ്മെന്റ് നടത്തുമ്പോഴും ബാങ്ക് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് തന്നെ ലഭിക്കും.