ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. ഡബ്ല്യൂസിസിയുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് സതീദേവി പ്രതികരിച്ചത്. ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെ സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി കമ്മീഷനെ രൂപീകരിക്കുകയായിരുന്നു.

‘സിനിമാമേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നു വരുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിര്‍മാണ കമ്പനികള്‍ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഞാന്‍ സിനിമാ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്. നിയമനിര്‍മാണം വേണം. ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിര്‍മാണ കമ്പനികളും നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകള്‍ക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’- സതീദേവിയുടെ വാക്കുകള്‍.

2019 ല്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശ പോലും സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. 2017 മുതല്‍ 2020 വരെയുള്ള കമ്മീഷന് വേണ്ടി സര്‍ക്കാര്‍ ചിലവഴിച്ചത് 10655000 രൂപയാണ്. സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യു.സി.സി.