മിന്നൽ മുരളി സെറ്റിലെ ഫോട്ടോയാണെന്ന് കരുതിയെങ്കിൽ തെറ്റി; പുതിയ ചിത്രം പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സിനിമയെ വളരെയധികം ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ലോകമെമ്പാടും സിനിമ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ടൊവിനോ തോമസ്. ബേസിൽ ജോസഫിനും ഗുരു സോമസുന്ദരത്തിനും സമീർ താഹിറിനുമൊപ്പമുള്ള ചിത്രമാണ് ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

ഇത് മിന്നൽ മുരളി സെറ്റിലെ ഫോട്ടോയാണെന്ന് കരുതിയെങ്കിൽ തെറ്റിയെന്നും താരം പറയുന്നു. ഈ ചിത്രത്തിന് ശേഷം ചെയ്ത സിനിമയുടെ ബംഗളൂരുവിലെ സെറ്റിൽ വെച്ചെടുത്ത ഫോട്ടോയാണിതെന്നും ടൊവിനോ വ്യക്തമാക്കി. മുരളിയുടെ സിനിമാറ്റോഗ്രാഫറായിരുന്ന സമീർ താഹിറാണ് പുതിയ ചിത്രത്തിന്റെ നിർമ്മാതാവെന്നും ബേസിൽ സഹതാരമാണെന്നും ടൊവിനോ അറിയിച്ചു. ഗുരു സോമസുന്ദരം തങ്ങളെ സന്ദർശിക്കാനെത്തിയതാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത മിന്നൽ മുരളിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2021 ൽ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷൻ, അഡ്വഞ്ചർ ചിത്രങ്ങളുടെ പട്ടികയിൽ മിന്നൽ മുരളി ഇടംനേടിയിട്ടുണ്ട്.