ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി; കേസിലെ നാള്‍ വഴികള്‍

കോട്ടയം: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. ജഡ്ജി ജി. ഗോപകുമാറാണ് ഒറ്റവാചകത്തില്‍ കേസില്‍ വിധി പറഞ്ഞത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാത്രമായിരുന്നു പ്രതി.

കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ

2014 മുതല്‍ 2016 വരെ കുറവിലങ്ങാട് മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം പുറത്ത് വരികയും, 2018 ജൂണില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ച പീഡന കേസിലെ വിചാരണ പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയും ഒന്നര വര്‍ഷം കൊണ്ടു വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. വൈക്കം മുന്‍ ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 2018 സെപ്റ്റംബര്‍ 21 ന് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റിലാവുന്നത്. 25 ദിവസം ജയില്‍വാസമനുഭവിക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. 2000 പേജുള്ള കുറ്റപത്രത്തില്‍ 89 സാക്ഷികള്‍ ഉണ്ടായിരുന്നു.

ഒരു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയും വരുന്ന അന്യായമായി തടഞ്ഞുവയ്ക്കല്‍ (342), അഞ്ചു മുതല്‍ 10 വര്‍ഷം വരെ കഠിന തടവു വരുന്ന അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം (376(സി) (എ)), പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം (377), ഏഴു വര്‍ഷം കഠിന തടവു ശിക്ഷ ലഭിക്കാവുന്ന ഭീഷണിപ്പെടുത്തല്‍ (506 (1)), പത്തു വര്‍ഷത്തില്‍ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വരാവുന്ന മേലധികാരം ഉപയോഗിച്ചു തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, (376(2) (കെ)), 10 വര്‍ഷത്തില്‍ കുറയാത്ത തടവു മുതല്‍ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വരുന്ന ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടര്‍ച്ചയായി ബലാത്സംഗം ചെയ്യല്‍ (376(2)(എന്‍), ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന സ്ത്രീത്വത്തെ അപമാനിക്കല്‍ (354) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിഷപ്പിനെ വിചാരണ ചെയ്തത്.

വിധി പ്രസ്താവം കേള്‍ക്കാന്‍ ഫ്രാങ്കോ മുളക്കലും കോടതിയില്‍ എത്തിയിരുന്നു. വിധി പ്രസ്താവത്തിനു മുന്നോടിയായി കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ‘ദൈവത്തിനു സ്തുതി’യെന്നാണ് ബിഷപ്പ് വിധി വന്ന ശേഷം പ്രതികരിച്ചത്.