ഡീലിറ്റ് പുകയുന്നു; സര്‍ക്കാരിന്റെ ഇടപെടല്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല; ചര്‍ച്ചയുണ്ടായില്ലെന്ന തന്റെ ആരോപണം ശരിയായെന്ന് സതീശന്‍

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം കേരള സര്‍വകലാശാല വി സി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെയുള്ള കത്ത് പൂര്‍ണ്ണമായും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് എഴുതിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രപതിക്ക് ഡീലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെന്ന് മാത്രമാണ് വി സിയുടെ കത്തിലുള്ളത്. അങ്ങനെയല്ല നടപടിക്രമം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യണം എന്ന നടപടി ക്രമം പാലിച്ചില്ലെന്ന് താന്‍ നേരത്തെ പറഞ്ഞത് ഇപ്പോള്‍ വ്യക്തമായെന്ന് വി ഡി സതീശനും കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം ഏഴിനാണ് ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശക്കെതിരെ വിസി കത്തെഴുതിയത്. വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയിലാണോ ഗവര്‍ണര്‍ക്ക് കത്ത് നല്‍കേണ്ടെന്ന് ചെന്നിത്തല ചോദിച്ചു. മാത്രവുമല്ല വി സി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളോട് മാത്രം ചര്‍ച്ച ചെയ്താണ് ഗവര്‍ണ്ണറുടെ ആവശ്യം തള്ളിയതെന്നും ചെന്നിത്തല പറഞ്ഞു.