കേരള നോളജ് ഇക്കണോമി മിഷന്‍ തൊഴില്‍ മേള ആദ്യ ഘട്ടത്തില്‍ 10,000 പേര്‍ക്ക് തൊഴില്‍ സാധ്യതയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷന്‍ തിരുവനന്തപുരം ജില്ലാതല തൊഴില്‍മേള സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. നൈപുണ്യവും വൈദഗ്ദ്ധ്യവുമുള്ള തൊളിലാളികളേയും അവരുടെ സേവനം ആവശ്യമുള്ള തൊഴില്‍ദാതാക്കളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

കേരള നോളജ് ഇക്കണോമി മിഷന്‍ തൊഴില്‍മേള ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.

വിദഗ്ദരായ ജീവനക്കാരില്ലാത്തതാണ് വ്യാവസായിക മേഖല നേരിടുന്ന പ്രശ്നം. കൃഷി, ആരോഗ്യം, വിജ്ഞാനം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളിലുള്‍പ്പെടെ നിരവധി തൊഴില്‍ സാധ്യതകളാണ് ഇനി ഉണ്ടാവാന്‍ പോകുന്നത്. കേരളത്തിന് അകത്തും പുറത്തും നിന്നുമായി 104 തൊഴില്‍ ദാദാക്കളും ഏകദേശം 900 ഉദ്യോഗാര്‍ഥികളും തൊഴില്‍ മേളയില്‍ പങ്കെടുത്തു. ജോലി ലഭിച്ചവരുടെ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.