നാല്‍പ്പത് വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ശുപാര്‍ശയുമായി ഇന്ത്യന്‍ ജനിതക ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ശുപാര്‍ശയുമായി ഇന്ത്യന്‍ ജനിതക ശാസ്ത്രജ്ഞര്‍. കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ ദേശീയ പരിശോധന ലബോറട്ടറികളുടെ ശൃംഖലയായ ഇന്ത്യന്‍ സാര്‍സ്- സി ഒ വി-2 ജീനോമിക്‌സ് സ്വീക്വന്‍സിംഗ് കണ്‍സോര്‍ഷ്യത്തിന്റെ ബുള്ളറ്റിനിലൂടെയാണ് ശുപാര്‍ശ നടത്തിയത്.

കൊവിഡിന്റെ വകഭേദങ്ങള്‍ ആദ്യമേ കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനസംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനും ജനിതക നിരീക്ഷണം നിര്‍ണായകമാണെന്നും ബുള്ളറ്റിനില്‍ ശുപാര്‍ശ ചെയ്തു. രോഗസാധ്യത കൂടുതലുള്ള, ഇനിയും വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും, നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും പരിഗണിക്കുമെന്ന് ബുള്ളറ്റിനില്‍ വെളിപ്പെടുത്തുന്നു.

ലോക്‌സഭയില്‍ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ചര്‍ച്ചകള്‍ക്കിടെ, കൊവിഡ് വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യമുയര്‍ന്നതിനിടയിലാണ് ശാസ്ത്രജ്ഞരുടെ ശുപാര്‍ശ പുറത്തു വന്നത്. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ നിരീക്ഷിക്കണമെന്നും, സമ്പര്‍ക്ക പട്ടികകള്‍ തയ്യാറാക്കണമെന്നും, പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിലവിലുള്ള വാക്‌സിനുകള്‍ ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കി.