റോഡുകൾ കുത്തിപ്പൊളിച്ചവർ നേരെയാക്കട്ടെ; ജലഅതോറിറ്റിക്കെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജലഅതോറിറ്റിക്കെതിരെ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ് മുഹമ്മദ് റിയാസ് ജല അതോറിറ്റിക്കെതിരെ വിമർശനം ഉന്നയിച്ചത്. റോഡുകൾ തകർന്നു കിടക്കുന്നതിന്റെ ഉത്തരവാദിത്തം ജല അതോറിറ്റിയ്ക്കാണെന്നും ജോലിയ്ക്കു ശേഷം റോഡുകൾ പൂർവസ്ഥിതിയിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കുത്തിപ്പൊളിച്ച റോഡുകൾ പഴയപടിയാക്കാൻ കുത്തിപ്പൊളിച്ചവർക്ക് ഉത്തരവാദിത്തമുണ്ട്. ജല അതോറിറ്റി റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ അത് പഴയ നിലയിലാക്കണമെന്ന് 2017 ലെ സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിനായി റോഡുകൾ കുത്തിപ്പൊളിക്കുകയാണെങ്കിൽ ജല അതോറിറ്റി അത് പഴയ നിലയിലാക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിയില്ലെങ്കിൽ രാജി വെച്ചു പോകണമെന്നാണ് കോടതി എഞ്ചിനീയർമാരോടു പറഞ്ഞത്. റോഡുകൾ നിശ്ചിത കാലത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരാണെന്നും എന്നാൽ ഇത് നടന്നെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും മന്ത്രി വിശദമാക്കി. അതേസമയം, പൈപ്പിട്ട ഉടൻ റോഡുകൾ പഴയ പടിയാക്കുന്നതിൽ സാങ്കേതികമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. റോഡുകൾ ജലവിതരണ ജോലികൾക്കായി പെട്ടെന്ന് കുഴിച്ച ശേഷം മൂടുന്നതിൽ സാങ്കേതിക പ്രസ്‌നമുണ്ടെന്നും പൈപ്പിട്ട ശേഷം ടെസ്റ്റ് നടത്താതെ മൂടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പൈപ്പിട്ട ശേഷം ഉടനെ മൂടിയാൽ പിന്നീട് പരിശോധന നടത്തുമ്പോൾ പ്രശ്‌നങ്ങൾ കണ്ടാൽ വീണ്ടും പൊളിക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.