സുബ്രഹ്മണ്യ സ്വാമി തൃണമൂലില്‍ ചേരുന്നുവോ? മമത-സ്വാമി കൂടിക്കാഴ്ച്ച ഇന്ന്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യ സ്വാമിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. മൂന്ന് ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ മമതയെ വൈകീട്ട് 3.30 ഓടെ സ്വാമി കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങളില്‍ സ്ഥിരം വിമര്‍ശകനായ സുബ്രഹ്മണ്യ സ്വാമിയെ ഈ അടുത്ത് നടന്ന പുനഃസംഘടനയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി എന്നത് സ്വാമി ഒഴിവാക്കുകയും ചെയ്തിരുന്നു. അതിനാല്‍ സ്വാമി-മമത കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രധാന്യമേറെയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് മമത-സ്വാമി കൂടിക്കാഴ്ച ഔദ്യോഗികമായി അറിയിച്ചത്. ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറും മുന്‍ എംപി കീര്‍ത്തി ആസാദും കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു.