‘കെപിഎസി ലളിത സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ യോഗ്യയാണ്, പ്രതിഷേധങ്ങള്‍ സംസ്‌കാരശൂന്യം’: കെ.ബി ഗണേഷ് കുമാര്‍

കെപിഎസി ലളിതക്ക് ചികിത്സ നല്‍കുന്നത് രാഷ്ട്രീയവല്‍ക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും നല്ല പ്രവണതയല്ലെന്നും അത്തരം പ്രതിഷേധങ്ങള്‍ സംസ്‌കാര ശൂന്യമാണെന്നും കെ.ബി ഗണേഷ്‌കുമാര്‍.

‘ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്ന കെപിഎസി ലളിത സര്‍ക്കാര്‍ ചികിത്സ ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും, തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ക്ക് മുന്‍പ് ധനസഹായം ലഭിച്ചിട്ടുണ്ട്. നമ്മള്‍ ആദരിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോയെന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്’- ഗണേഷ് പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തെ ഗുരുതര കരള്‍ രോഗബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. നടന്‍ കലാഭവന്‍ സോബി ജോര്‍ജ് കെപിഎസി ലളിതക്ക് കരള്‍ പകുത്തു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.