തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന ഡിഎന്‍എ പരിശോധനാ ഫലം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പുറത്തു വിട്ടു. പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയാണെന്ന് തെളിഞ്ഞു.
മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും അമ്മ അനുപമയും അച്ഛന്‍ അജിത്തുമാണെന്ന് ഫലം ലഭിച്ചു. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാംപിളെടുത്തത്.
‘ഫലം ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ല. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഫലം പോസിറ്റീവായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എത്രയും വേഗം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ അനുപമ പ്രതികരിച്ചു. സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അധ്യാപക ദമ്പതിമാരുടെ സംരക്ഷണയിലുള്ള കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ജില്ലാ ശിശുക്ഷേമസമിതി ഉത്തരവിട്ടത്.

