‘തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു; കുറഞ്ഞ ചിലവില്‍ എയര്‍ അറേബ്യ സര്‍വീസ്’; കൈയ്യടി നേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് പുത്തന്‍ പരിഷ്‌കാരങ്ങളും ചിലവുകുറഞ്ഞ സര്‍വീസുകളുമായി ജനപ്രീതി നേടുന്നു.

നേരത്തെ വാഹനങ്ങള്‍ വിമാനത്താവളത്തിലേക്ക് കയറ്റാന്‍ എന്‍ട്രി ടിക്കറ്റെടുക്കണമായിരുന്നു. 15 മിനിറ്റ് കഴിഞ്ഞാല്‍ തിരിച്ചിറങ്ങുമ്പോള്‍ 85 രൂപ അടയ്ക്കണം. ഇപ്പോള്‍ എന്‍ട്രി ടിക്കറ്റ് പൂര്‍ണമായും ഒഴിവാക്കി. പാര്‍ക്കിംഗ് ഏരിയയില്‍ കയറിയാല്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. 30രൂപയാണ് മിനിമം തുക. അതേസമയം, 2018മുതല്‍ അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്‌ലെമിംഗ് ഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ തുറക്കുന്നത്. ലോക നിലവാരത്തില്‍ ഷോപ്പ് പുതുക്കിപ്പണിയുകയാണിപ്പോള്‍. നിലവിലെ ഷോപ്പിന് പുറമെ വിശാലമായ പുതിയ ഷോപ്പുകളും തുറക്കാന്‍ ആലോചനയുണ്ട്.

കുറഞ്ഞ ചെലവില്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകളും ആരംഭിക്കനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്.