എല്ലാം വെറും തള്ള് ! 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് വിശ്വസിപ്പിച്ച് പ്രവാസി സംഘടനാ തലപ്പത്തെത്തിയ മോന്‍സന് പാസ്‌പോര്‍ട്ടില്ല

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ പാസ്പോര്‍ട്ടില്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈംബ്രാഞ്ച്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ലെന്നും, 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി.

ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.

മാത്രമല്ല, ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്.

നേരത്തെ,.മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ വഞ്ചിക്കാന്‍ നിര്‍മിച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖയെന്ന് റിപ്പോര്‍ട്ടുവന്നിരുന്നു. റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്ഐആറില്‍ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.