ചൈനീസ് കമ്പനിയില്‍ ജര്‍മ്മനിക്കും സംശയം; ഷവോമിക്കെതിരെ അന്വേഷണത്തിന് സൈബര്‍ സുരക്ഷാ വിഭാഗം

ചൈനീസ് കമ്പനികളുടെ ഫോണുകള്‍ ഉപേക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വേനിയയിലെ സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ ഷവോമി ഫോണുകള്‍ക്കെതിരെ ജര്‍മനിയും രംഗത്ത്.

ജര്‍മനിയുടെ സൈബര്‍ സുരക്ഷാ വിഭാഗമായ ബി.എസ്.ഐയും ഷവോമി ഫോണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലിത്വാനിയയിലെ സംഭവങ്ങള്‍ കാരണമാണ് ജര്‍മനിയും ചൈനീസ് കമ്പനിയുടെ ഫോണുകള്‍ വിശദമായി പരിശോധിക്കാനുള്ള നീക്കവുമായി എത്തിയത്. ജര്‍മനിയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇതു റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

എന്നാല്‍, ലിത്വാനിയയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി തങ്ങളുടെ ഫോണുകള്‍ പുറമേ നിന്നുള്ള വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള നീക്കത്തിലാണ് ഷവോമി.

യൂറോപ്പിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായി ഷവോമി മാറിയിരുന്നു. ആഗോളതലത്തില്‍ സാംസങ്ങിനെയും ഷവോമിക്ക് മറികടക്കാനായിരുന്നു. എന്നാല്‍, ജര്‍മനിയുടെ നടപടിയില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.