പഞ്ചാബിലെ ശുദ്ധികലശം കോൺഗ്രസ് നേതൃനിരയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവോ!

ന്യൂഡൽഹി: കോൺഗ്രസ് നേതൃനിരയിലേക്ക് രാഹുൽ ഗാന്ധി തിരിച്ചുവരുന്നുവെന്നതിന്റെ സൂചനകളാണ് പഞ്ചാബിൽ നിന്നും പുറത്തു വരുന്നതെന്ന് റിപ്പോർട്ട്. നവ്‌ജ്യോത് സിങ് സിദ്ദു ഉയർത്തിയ കലാപക്കൊടിക്കു പിന്നാലെ ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന് മുഖ്യമന്ത്രിക്കസേര ഒഴിയേണ്ടി വന്നതിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ കരുനീക്കങ്ങൾ ഉണ്ടെന്നാണ് വിവരം. കോൺഗ്രസ് അദ്ധ്യക്ഷന്റെ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് മുൻപുള്ള ശുദ്ധികലശമാണ് പഞ്ചാബിൽ നടന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

സിപിഐ നേതാവ് കനയ്യ കുമാർ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, തുടങ്ങിയവരെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങളും രാഹുൽ ഗാന്ധി നടത്തുന്നുണ്ടെന്നാണ് സൂചനകൾ. അമരിന്ദറിന്റെ ജനപ്രീതി ഇടിഞ്ഞെന്ന ആഭ്യന്തര റിപ്പോർട്ട് കിട്ടിയതോടെയാണ് രാഹുലിന്റെ ഇടപെടലെന്നാണ് വിവരം. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ കത്തെഴുതിയത് ഹൈക്കമാൻഡിന്റെ അറിവോടെയാണ്. പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയാണെങ്കിലും നിർണായക തീരുമാനങ്ങളെല്ലാം രാഹുലിന്റെ അറിവോടെയാണ് സ്വീകരിക്കുന്നത്. രാഹുലിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളാണ് കോൺഗ്രസിൽ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കേരളത്തിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിൽ ഉൾപ്പെടെ ഇക്കാര്യം വ്യക്തമായിരുന്നു. ഗ്രൂപ്പ് നോക്കാതെ പ്രസിഡന്റുമാരെ നിയമിക്കണമെന്ന രാഹുലിന്റെ ഉറച്ച നിലപാടാണ് കേരളത്തിൽ നടപ്പായതെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.