ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ നിർബന്ധം; പ്രതിഷേധവുമായി ശശി തരൂർ

തിരുവനന്തപുരം: ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി ശശി തരൂർ എംപി. ബ്രിട്ടന്റെ യാത്ര നിയന്ത്രണങ്ങൾ കാരണം തന്റെ പുസ്തകത്തിന്റെ യുകെ പതിപ്പിന്റെ പ്രകാശനചടങ്ങിൽ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി.

ബ്രിട്ടണിൽ അംഗീകരിച്ച വാക്‌സിനുകളുടെ പുതുക്കിയ പട്ടികയിൽ കൊവാക്‌സിനെയും കൊവിഷീൽഡിനെയും ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. കൊവിഷീൽഡിന്റെയോ കൊവാക്‌സിന്റെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്റൈയ്ൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം. ബ്രിട്ടണിലെ ഓക്‌സ്ഫഡ് സർവ്വകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.

ആസ്ട്രസെനക്കയുടെ വാക്‌സിൻ വിതരണം ചെയ്യുന്ന ഓസ്‌ട്രേലിയ, ബഹൈറൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറന്റെയ്ൻ നിയമം ബാധകമല്ല.