സ്ത്രീകൾക്ക് ഭീഷണി; ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ

ന്യൂഡൽഹി: ചരൺജിത് സിംഗ് ചന്നിക്കെതിരായ മീ ടു ആരോപണം ചർച്ചയാക്കി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ. പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ചന്നിക്കെതിരെയുള്ള മീടൂ ആരോപണത്തെ കുറിച്ചുള്ള ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയുടെ പ്രതികരണം.

ചന്നി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് സ്ത്രീകൾക്ക് ഭീഷണിയാണെന്ന് രേഖ ശർമ്മ വ്യക്തമാക്കി. ചരൺജിത്ത് സിംഗ് ചന്നി രാജിവെക്കണമെന്ന് രേഖാ ശർമ്മ ആവശ്യപ്പെടുന്നത്. ഒരു വനിത അദ്ധ്യക്ഷയായ പാർട്ടിയുടെ മുഖ്യമന്ത്രി ഇത്തരക്കാരനാകുന്നത് അപമാനകരമാണ്. ഇത് സ്ത്രീ ശാക്തീകരണത്തെ പിന്നിൽ നിന്ന് കുത്തുന്നതും സ്ത്രീകൾക്ക് ഭീഷണിയാണെന്നും രേഖ ശർമ്മ അഭിപ്രായപ്പെട്ടു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് ഉയർന്ന മീ ടൂ ആരോപണമാണ് ചന്നി പഞ്ചാബ് മുഖ്യന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വീണ്ടും വിവാദമായിരിക്കുന്നത്. 2018 ൽ മീടു ആരോപണത്തിൽ ചന്നിക്കെതിരെ കമ്മീഷൻ കേസെടുത്തിരുന്നു.

വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ചന്നിക്കെതിരെ ഉയർന്ന ആരോപണം. അതേസമയം ഉദ്യോഗസ്ഥ ചന്നിക്കെതിരെ പരാതി നൽകിയിട്ടില്ല. വനിതാ കമ്മീഷൻ സ്വമേധയായാണ് ചന്നിക്കെതിരെ കേസെടുത്തത്. പിന്നീട് വിഷയത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ചെയ്തിരുന്നു.