ഇറാനിലെ പോലെ ഒരു പരമോന്നത ആത്മീയ നേതാവിന് പ്രാധാന്യമുള്ള സര്‍ക്കാരുണ്ടാക്കാന്‍ താലിബാന്‍ !

കാബൂള്‍: ഇറാനു സമാനമായ രീതിയില്‍ ഒരു പരമോന്നത ആത്മീയ നേതാവിന് പ്രാധാന്യമുള്ള സര്‍ക്കാരാകും അഫ്ഗാനിലെന്ന് താലിബാന്‍. സ്ഥാപകനേതാവ് മുല്ലാ ബരാദര്‍ ആകും താലിബാന്‍ സര്‍ക്കാരിനെ നയിക്കുക.

സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുളള ആത്മീയ നേതാവായിരിക്കുക ഹിബത്തുളള അകുന്‍സാദയാണ്. താലിബാന്റെ പരമോന്നത നേതാവായിരുന്ന ഭീകരന്‍ മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബിന് പ്രത്യേക പദവി സര്‍ക്കാരില്‍ ലഭിക്കും.

നേരത്തെ, അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകുമെന്നും, ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താലിബാന്‍ വക്താവ് അറിയിച്ചത്.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും, രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

മാത്രമല്ല, അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.