ഉപഭോക്താക്കൾക്ക് നിക്ഷേപം നടത്താനുള്ള അവസരം തുറന്ന് ഗൂഗിൾ പേ; ഒരു വർഷത്തെ നിക്ഷേപത്തിന് ലഭിക്കുക 6.35 ശതമാനം പലിശ

കോഴിക്കോട്: ഉപഭോക്താക്കൾക്ക് നിക്ഷേപം നടത്താനുള്ള അവസരം തുറന്ന് ഗൂഗിൾ പേ. അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞ കാലയളവിലെ സ്ഥിരനിക്ഷേപത്തിനാണ് ഗൂഗിൾ പേ അവസരമൊരുക്കിയിരിക്കുന്നത്. നിക്ഷേപകർക്ക് ഭേദപ്പെട്ട പലിശയും ഇതിലൂടെ ലഭിക്കുന്നതായിരിക്കും.

പണമിടപാടുകൾക്കായി ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണ് മിക്കവരും. ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ ഗൂഗിൾ പേ വഴി കഴിയും. ഏത് ബാങ്ക് അക്കൗണ്ടാണെങ്കിലും ഗൂഗിൾ പേ വഴി പണം അയക്കാം.

ഗൂഗിൾ പേ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടും തുറക്കാം. ബാങ്കിൽ അക്കൗണ്ട് ഇല്ലെങ്കിലും ഗൂഗിൾ പേ വാലറ്റ് ഉപയോഗിച്ച് അത് സാധ്യമാകും. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ളവയുമായി സഹകരിച്ചായിരിക്കും ആദ്യ ഘട്ടത്തിൽ ഗൂഗിൾ പേ നിക്ഷേപത്തിനുള്ള സേവനങ്ങൾ നൽകുക. ഫിൻടെക്ക് സ്റ്റാർട്ടപ്പായ സേതുവുമായി സഹകരിച്ചാകും ഇതിനുള്ള പ്ലാറ്റ്‌ഫോം ബാങ്ക് വികസിപ്പിക്കുക. ഗൂഗിൾ പേ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരനിക്ഷേങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും. ആധാർ അധിഷ്ഠിത കെവൈസി വിവരങ്ങൾ കൈമാറുന്നവർക്കാണ് അക്കൗണ്ട് തുറക്കാൻ കഴിയുക. ഇതിന് ഒടിപി ലഭിക്കും

6.35 ശതമാനം പലിശയാണ് ഒരു വർഷത്തെ നിക്ഷേപത്തിന് ലഭിക്കുക. ഏഴു മുതൽ 29 ദിവസം വരെയും 30-45 ദിവസ കാലാവധിയിലും നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. ഒരു വർഷം വരെയുള്ള നിക്ഷേപവുമുണ്ട്. ഒരു വർഷത്തെ എഫ്ഡിക്ക് 3.5 ശതമാനം മുതൽ 6.35 ശതമാനം വരെയാണ് പലിശ.