ഗൂഗിൾ പ്ലാറ്റ്‌ഫോം വഴിയും ഇനി മുതൽ കോവിൻ വെബ്സൈറ്റിലെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം; അറിയാം വിശദ വിവരങ്ങൾ

ന്യൂഡൽഹി: ഗൂഗിൾ പ്ലാറ്റ്‌ഫോം വഴിയും ഇനി മുതൽ കോവിൻ വെബ്സൈറ്റിലെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. രാജ്യത്തെ കോവിഡ് വാക്സിനേഷൻ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. സ്ലോട്ട് ബുക്കിംഗ്, വാക്‌സിൻ ലഭ്യത തുടങ്ങിയവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകാനാണ് ഗുഗിളിന്റെ തീരുമാനം.

ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ്, ഗൂഗിൾ അസിസ്റ്റ് തുടങ്ങിയ മൂന്ന് പ്ലാറ്റ്ഫോമിലൂടെയായി രാജ്യത്തെ 13,000 കേന്ദ്രങ്ങളിലെ വാക്‌സിൻ ലഭ്യത, അപ്പോയിന്റ്‌മെന്റുകൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് അറിയാൻ കഴിയുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഈ ആഴ്ച്ച തന്നെ സേവനങ്ങൾ ആരംഭിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഗൂഗിളിന്റെ നീക്കത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ഗൂഗിൾ വഴി വാക്സിനേഷൻ അപ്പോയിന്റ്മെന്റ് എടുക്കുന്ന രീതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗൂഗിൾ വഴി കോവിനിൽ എങ്ങനെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ സാധിക്കും:

ആദ്യം ഗൂഗിൾ സെർച്ചിലോ ഗൂഗിൽ മാപ്പിലേക്കോ പോകുക. പിന്നീട് ഗൂഗിളിലെ എഴുതാനുള്ള ബോക്സിൽ ‘എനിക്ക് സമീപമുള്ള കോവിഡ് വാക്സിൻ’ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക. ശേഷം സ്ലോട്ടുകളുടെ ലഭ്യതയും മറ്റും പരിശോധിക്കുക. ബുക്ക് അപ്പോയിന്റ്മെന്റ്’ ഫീച്ചറിലേക്കുള്ള ഒരു ഓപ്ഷൻ നിങ്ങൾ കാണും. നിങ്ങൾക്ക് സമീപമുള്ള ഒരു സ്ലോട്ട് ബുക്ക് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്താൽ മതിയാകും.

സെർച്ച് ചെയ്യുമ്പോൾ വരുന്ന കോവിഡ് വാക്സിൻ വിവരങ്ങൾ കോവിൻ എപിഐകളിൽ നിന്നുള്ള തത്സമയ ഡാറ്റയാണ് നൽകുന്നത്. കൂടാതെ ഓരോ കേന്ദ്രത്തിലെയും അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത, വാക്സിനുകളും ഡോസുകളും (ഡോസ് 1 അല്ലെങ്കിൽ ഡോസ് 2), വിലനിർണ്ണയം (പണമടച്ചതോ സൗജന്യമോ) തുടങ്ങിയ വിവരങ്ങളും ഇതിൽ ഉണ്ടാകും. കൂടാതെ ബുക്കിംഗിനായി കോവിൻ വെബ്സൈറ്റിന്റെ ഒരു ലിങ്കും ഇതിൽ കാണാൻ കഴിയും.

ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിൽ ഉപയോക്താക്കൾ അവരുടെ അടുത്തുള്ള വാക്സിൻ സെന്ററുകളോ മറ്റോ തിരയുമ്പോൾ വിവരങ്ങൾ സ്വയമേ ദൃശ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങി എട്ട് ഇന്ത്യൻ ഭാഷകളിലും വാക്സിൻ വിവരങ്ങൾ തിരയാൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.