കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തീര്‍ക്കാനുള്ള കരുത്ത് സുധാകരനുണ്ടെന്ന് കെ സി വേണുഗോപാല്‍

കണ്ണൂര്‍: ഡിസിസി പുന:സംഘടനക്ക് പിന്നാലെ കെ സുധാകരന് പൂര്‍ണ പിന്തുണയുമായി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കെ.സുധാകരന് സര്‍വ്വ സ്വാതന്ത്ര്യവും പൂര്‍ണ പിന്തുണയും നല്‍കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യങ്ങള്‍ തീര്‍ക്കാനുള്ള കരുത്ത് സുധാകരനുണ്ടെന്നും, കണ്ണൂരിലെ കോണ്‍ഗ്രസുകാരന്‍ കേരളത്തിലെ കോണ്‍ഗ്രസിന് അഭിമാനമാണെന്നും, എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലക്ഷ്മണരേഖ തീര്‍ക്കണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരനാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. കോണ്‍ഗ്രസിനെ സെമികേഡര്‍ പാര്‍ട്ടിയാക്കാനുള്ള ശ്രമത്തില്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഡിസിസി പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെയും, വി ഡി സതീശന്റെയും പ്രതികരണം.