ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.
ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകുന്നതുവരെ സഭാ നടപടികള്‍ തടസ്സപ്പെടുത്താനാണ് പാര്‍ലമെന്റില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ, ശിരോമണി അകാലിദള്‍, ബി.എസ്.പി, കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാളെ രാഷ്ട്രപതിയെ കാണാനാണ് തീരുമാനമെന്ന് അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
അതേസമയം, ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ള വിഷയമല്ലെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രതികരണം.

