കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി രാഹുൽ ഗാന്ധി; പാർലമെന്റിലേക്ക് എത്തിയത് ട്രാക്ടർ ഓടിച്ച്‌

ന്യൂഡൽഹി: ഡൽഹി നഗരത്തിലൂടെ ട്രാക്റ്ററോടിച്ച് പ്രതിഷേധം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. രാവിലെ പാർലമെന്റിലേക്ക് എത്താൻ പുറപ്പെട്ട രാഹുൽ ഗാന്ധി തീർത്തും അപ്രതീക്ഷിതമായാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്റ്ററിലേക്ക് കയറിയതും തുടർന്ന് അതോടിച്ച് ഡൽഹി നഗരത്തിലൂടെ പാർലമെന്റിന് സമീപത്തേക്ക് എത്തിയതും.

രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിതമായ നീക്കത്തിൽ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥരും അണികളും അമ്പരന്നു. എന്നാൽ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർക്കൊന്നും അദ്ദേഹത്തിന്റെ നീക്കത്തെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. കർഷകർക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാർക്ക് വേണ്ടിയും അതിധനികർക്ക് വേണ്ടിയുമാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രതിഷേധത്തിന് ശേഷം രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ നടത്തുന്ന പ്രതിഷേധമാണിതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.