ബിജെപിക്കെതിരെ കളമൊരുക്കാന്‍ മമത ഡല്‍ഹിയില്‍ ! സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കും . . .

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പടനയിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം. തിങ്കളാഴ്ച ആരംഭിക്കുന്ന സന്ദര്‍ശനം വെള്ളിയാഴ്ച വരെ നീളുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി സ്വകാര്യമായും, കൂട്ടായുമുള്ള ചര്‍ച്ചകളാണ് മമതയുടെ സന്ദര്‍ശനവേളയില്‍ മുഖ്യമായും നടക്കുക.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപ്പിക്കെതിരെ പ്രതിപക്ഷത്തെ ഒരുമിപ്പിച്ചുനിര്‍ത്തി നേതൃതലത്തിലേക്ക് ഉയരുകയെന്നതാണ് മമതയുടെ സന്ദര്‍ശനത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സോണിയയുമായുള്ള സന്ദര്‍ശനം കോണ്‍ഗ്രസ്-തൃണമൂല്‍ സഹകരണത്തിലേക്ക് നീങ്ങുമെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്നനേതാക്കളെ നേരില്‍ കാണുന്നത് കൂടാതെ ഡല്‍ഹി സന്ദര്‍ശനത്തിനിടയില്‍ മമത ബംഗ ഭവനില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കുന്നുമുണ്ട്.

ബംഗാളില്‍ ടി.എം.സി.യെ വിജയത്തിലെത്തിച്ച തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് മമതയുടെ നീക്കങ്ങള്‍ക്ക് ചരടുവലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷനേതാക്കളായ ശരദ് പവാര്‍, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, എം.കെ.സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി തുടങ്ങിയവരുമായി പ്രശാന്തിനുള്ള അടുപ്പം ഇന്ധനമാക്കിയാണ് നീക്കങ്ങള്‍ അരങ്ങേറുന്നത്.

അതേസമയം, സംസ്ഥാനത്തിന്റെ വികസനവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, രാഷ്ട്രപതിയുമായും കൂടിക്കാഴ്ചയുണ്ടെന്ന് ടി.എം.സി. നേതാക്കള്‍ അറിയിച്ചു.