തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന സർക്കാരിന്റെ നിലപാടിനെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
‘ശശി എന്നൊരു പേരുണ്ടെങ്കിൽ ഒരു പ്രൊട്ടക്ഷൻ കിട്ടുമത്രേയെന്ന് അദ്ദേഹം പരിഹസിച്ചു. ശശി എന്ന പേരിൽ ഉന്നമിട്ട് മുൻപുണ്ടായ വിവാദം കൂടി ഓർമിപ്പിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. എ കെ ശശീന്ദ്രൻ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റേയും സംസ്ഥാന സർക്കാരിന്റെയും നിലപാട്. ശശീന്ദ്രൻ നൽകിയ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് റിപ്പോർട്ട്. ഫോൺ വിളി വിവാദത്തിൽ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നും സംഭവിച്ചത് ജാഗ്രതക്കുറവാണെന്നുമാണ് എൻസിപിയുടെ നിലപാട്. മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മിനെ നിലപാട് അറിയിയിച്ചെന്ന് എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ അറിയിച്ചു. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പി.സി. ചാക്കോ കേരളത്തിലെ സാഹചര്യം വ്യക്തമാക്കുകയും ചെയ്തു.

