ഇന്ത്യയ്ക്ക് കോവിഡിനെതിരെയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

covid

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയ്ക്ക് കോവിഡിനെതിരെയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീതി ആയോഗ് അംഗം വി കെ പോളാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാൻ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഇതിന് സാധിക്കുകയുള്ളു. നിരവധി രാജ്യങ്ങളിൽ കോവിഡ് സാഹചര്യം കൂടുതൽ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന കോവിഡിന്റെ മൂന്നാം തരംഗ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും വി കെ പോൾ ചൂണ്ടിക്കാട്ടി.