കോവിഡ് : വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അനുബന്ധരോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ വാര്‍ഡുതല സമിതി ഉത്തരവാദിത്വമേറ്റെടുക്കണമെന്നും ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡുതല സമിതി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക സമ്പര്‍ക്കക്കാരുടെ വിവരങ്ങള്‍ കോവിഡ് പോര്‍ട്ടലില്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്യണം.രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്‌നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.