വായു മലിനീകരണം കുറയ്ക്കൽ; കടുത്ത നടപടികളുമായി ഡൽഹി സർക്കാർ; പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് 10000 രൂപ പിഴ

ന്യൂഡൽഹി: വായുമലിനീകരണം കുറയ്ക്കാൻ നിർണായക നടപടികളുമായി ഡൽഹി സർക്കാർ. 10 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന പെട്രോൾ വാഹനങ്ങളും കൈവശം ഉള്ളവർ തങ്ങളുടെ വാഹനങ്ങൾ എത്രയും വേഗം ഒഴിവാക്കുവാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്തപക്ഷം ഉടമസ്ഥർ 10,000 രൂപ വരെ പിഴ നൽകേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ട്രാൻസ്‌പോർട്ട് അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എത്രയും വേഗം പഴയ വാഹനങ്ങൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് ഉദ്യോഗസ്ഥർ. ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ ഒറ്റ ഇരട്ട അക്കങ്ങൾ ഉള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കുക എന്നതുൾപ്പെടെ നിരവധി മാർഗങ്ങൾ നേരത്തെ നടപ്പിലാക്കി നോക്കിയിരുന്നു. ഇതൊന്നും പ്രയോജനപ്രദമാകാതെ വന്നതോടെയാണ് പുതിയ നീക്കവുമായി അധികൃതർ രംഗത്തെത്തിയത്.

75 ലക്ഷത്തോളം വാഹനങ്ങൾ ഡൽഹിയുടെ നിരത്തുകളിൽ ഓടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ 35 ലക്ഷത്തോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞവയാണ്. 2018 ൽ സുപ്രീം കോടതി ഡൽഹിയിൽ പഴയ വാഹനങ്ങൾ നിരോധിച്ചിരുന്നു. ഇതിനെതുടർന്ന് അഞ്ച് ഏജൻസികൾക്ക് വാഹനങ്ങൾ പൊളിക്കുന്നതിനുള്ള ലൈസൻസ് സർക്കാർ നൽകിയെങ്കിലും മൂവായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇതുവരെ പൊളിച്ചത്.