കോവിഡ് മൂന്നാം തരംഗം; അശാസ്ത്രീയ പ്രാചരണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ടുള്ള അശാസ്ത്രീയ പ്രചാരണങ്ങൾക്കെതിരെ മുന്നറയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് നാട്ടിൽ ചില അബദ്ധ ധാരണകൾ പരക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന ഭീതി ജനങ്ങൾക്കിടയിലുണ്ട്. അത്തരത്തിൽ ഭീതി പുലർത്തേണ്ട സാഹചര്യമില്ല. രോഗബാധയുടെ കാര്യത്തിൽ ആപേക്ഷികമായ വർദ്ധനവ് മാത്രമാണ് കുട്ടികൾക്കിടയിൽ ഉണ്ടാകാൻ സാധ്യതയുള്ളത്. ഇക്കാര്യം മുൻപ് വ്യക്തമാക്കിയതാണെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ എടുക്കുന്ന മുൻകരുതലുകളും നേരത്തെ വാർത്താ സമ്മേളനത്തിൽ വിശദമാക്കിയിട്ടുള്ളതാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും മറ്റും പരക്കുന്ന അശാസ്ത്രീയവും വാസ്തവവിരുദ്ധവുമായ സന്ദേശങ്ങളെ ആശ്രയിക്കരുത്. രോഗവുമായി ബന്ധപ്പെട്ട് അറിവു നേടാൻ കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുകൾ, ലോകാരോഗ്യ സംഘടന പോലുള്ള ഉത്തരവാദപ്പെട്ട സർക്കാർ- സർക്കാരിതര ഏജൻസികളെ ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മാദ്ധ്യമങ്ങൾ സെൻസേഷണലിസത്തിനു പുറകേ പോകാതെയുള്ള മാതൃകാപരമായ റിപ്പോർട്ടിംഗ് രീതി അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നാം തരംഗം മുൻകൂട്ടിയറിയുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. നിലവിൽ രോഗനിരീക്ഷണം കാര്യക്ഷമമായി നടത്തുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പുതിയ പശ്ചാത്തലത്തിൽ നിരീക്ഷണ സംവിധാനങ്ങളെ കൂടുതൽ ശാക്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ജനിതക വ്യതിയാനമുള്ള വൈറസുകളെ കണ്ടെത്താനുള്ള പഠനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.