കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമ ദിനവും ആചരിക്കാം; കെ സുധാകരൻ

കണ്ണൂർ: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ പരിഹാസവുമായി നിയുക്ത കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കാനും സാധിക്കുമെന്ന് കെ സുധാകരൻ പരിഹസിച്ചു. കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ മുഖം കണ്ടാൽ ചിരിക്കാത്തയാളാണ് പിണറായി. കോവിഡ് പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണ്. കോവിഡ് പ്രതിരോധത്തെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പിണറായി ഉപയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ അദാനി പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ സി.പി.എമ്മിന് കള്ളപ്പണമെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതാണ് തന്റെ ലക്ഷ്യം. സംഘടന ദൗർബല്യം പരിഹരിച്ച് സെമി കേഡർ സ്വഭാവമുളള പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശകളൊന്നും ഇനി നടപ്പില്ലെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുണ്ടായാൽ നിഷ്‌കരുണം നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരംമുറി നടന്നയിടം ഉടൻ കോൺഗ്രസ് നേതാക്കൾ സന്ദർശിക്കും. നിയമലംഘനം തടയാൻ സമരം ഏറ്റെടുക്കുമെന്നുമെന്നും സുധാകരൻ വിശദമാക്കി.