ചൈനീസ് സൈബർ തട്ടിപ്പ്; ഈ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവർ സൂക്ഷിക്കുക; പണം നഷ്ടപ്പെട്ടത് അഞ്ച് ലക്ഷം ഇന്ത്യക്കാർക്ക്

ന്യൂഡൽഹി: ചൈനീസ് സ്ഥാപനത്തിന്റെ സൈബർ തട്ടിപ്പിൽ പണം നഷ്ടമായത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ വഴി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. മണിക്കൂറുകൾ കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ ആകർഷിച്ച് വലയിലാക്കിയ ശേഷമാണ് ചൈനീസ് മൾട്ടി ലെവൽ മാർക്കറ്റിംഗ് ആപ്പ് തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടു മാസത്തിനുള്ളിൽ 150 കോടിയിലധികം രൂപയാണ് ഇവർ തട്ടിച്ചെടുത്തതെന്നാണ് പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ വ്യക്തമാക്കുന്നത്.

വിവിധ ബാങ്ക് അക്കൗണ്ടുകളിലും പേയ്മെന്റ് ഗേറ്റ്‌വേകളിലും നിന്നും 11 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. ചൈനീസ് തട്ടിപ്പുകാർക്കായി 110 ഓളം കമ്പനികൾ രൂപീകരിച്ചിരുന്നുവെന്നും ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന കമ്പനിയിൽ നിന്ന് 97 ലക്ഷം രൂപ പിടിച്ചെടുത്തുവെന്നും ഡൽഹി പോലീസ് അറിയിച്ചു. എസിപി ആദിത്യ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചത്.

ആപ്പ് വഴി വൻ തോതിൽ പണം വെളുപ്പിക്കാനും തട്ടിപ്പ് സംഘം പദ്ധതിയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടിബറ്റൻ യുവതിയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്നു വരുമാനം വർദ്ധിക്കുമെന്ന് കാണിച്ചാണ് ആപ്പിലൂടെ തട്ടിപ്പ് സംഘം ക്യാമ്പയിൻ നടത്തിയത്. ഈ വിധത്തിൽ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തു. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.