ഹൈക്കമാൻഡിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു; കെ സുധാകരന് ആശംസ അറിയിച്ച് യുഡിഎഫ് നേതാക്കൾ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ പ്രഖ്യാപിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് യു ഡി എഫ് നേതാക്കൾ. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കെ സുധാകരന് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനം സർവാത്മനാ സ്വാഗതം ചെയ്യുന്നു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സുധാകരന് ചെന്നിത്തല അഭിനന്ദനം അറിയിക്കുകയും ചെയ്തു. പാർട്ടിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സുധാകരന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

മുസ്ലിം ലീഗിന് സന്തോഷം നൽകുന്ന തീരുമാനമാണിതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കോൺഗ്രസിനും യുഡിഎഫിനും സുധാകരന്റെ വരവ് ഗുണം ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ സുധാകരന് കഴിയട്ടെ എന്ന് വിഎം സുധീരൻ ആശംസിച്ചു. പുതിയ അധ്യക്ഷന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ സുധാകരന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ആശംസകൾ നേർന്നത്.