അബ്ദുള്ളക്കുട്ടിക്കെതിരായ സംസ്ഥാന വിജിലൻസിന്റെ നീക്കം രാഷ്ട്രീയ പ്രതികാരം; ബിജെപി

കണ്ണൂർ: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ സംസ്ഥാന വിജിലൻസിന്റെ നീക്കം രാഷ്ട്രീയ പ്രതികാരമെന്ന് വിമർശനം. കേസന്വേഷണം മുന്നോട്ടു പോയാൽ ഡിടിപിസിയും ടൂറിസം വകുപ്പുമാണ് പ്രതിക്കൂട്ടിലാകുക. അബ്ദുള്ളക്കുട്ടി എംഎൽഎ സ്ഥാനത്ത് നിന്നു മാറി വർഷങ്ങൾക്ക് ശേഷം എംഎൽഎ ഫണ്ടിന്റെ വിനിയോഗത്തിന്റെ പേരിലുള്ള അന്വേഷണവുമായി വിജലൻസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് സംസ്ഥാന ആഭ്യന്തര വകുപ്പിലെ ചില ഉന്നതരുടെ നിർദ്ദേശത്തെ തുടർന്നാണെന്നാണ് ഉയരുന്ന ആരോപണം. പകപോക്കലിന്റെ ഭാഗമായാണ് വിജിലൻസിന്റ നടപടി.

എൽഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലായിരുന്ന കഴിഞ്ഞ അഞ്ച് വർഷക്കാലവും കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനോ കേസെടുക്കാനോ ഒന്നും വിജിലൻസ് തയ്യാറായിരുന്നില്ല. സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ കേസിൽ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിജിലൻസ് പരിശോധനയും അന്വേഷണവുമെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. കൊടകര കള്ളപ്പണക്കേസടക്കം പല ആരോപണങ്ങളുടേയും പേരിൽ ബിജെപിയേയും നേതാക്കളേയും വേട്ടയാടുകയാണ് ഒരു വിഭാഗം മാദ്ധ്യമങ്ങളും സിപിഎമ്മും. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്നതും ഈ അജണ്ടയുടെ ഭാഗമായുള്ള നീക്കങ്ങളാണ്.

ജില്ലാ കളക്ടർമാർക്കാണ് എംഎൽഎ ഫണ്ട് വിനിയോഗത്തിന്റെ മേൽനോട്ടം. കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് ഷോ പ്രവർത്തനങ്ങളുടെ നോഡൽ ഏജൻസി ഡിടിപിസിയാണ്. മൈസൂരിലെ കമ്പനിയുടെ പേരിലാണ് നിർമ്മാണ പ്രവൃത്തി നടന്നത്. അതിനാൽ തന്നെ കേസിൽ അന്വേഷണം ചെന്നെത്തുക അന്നത്തെ സംസ്ഥാന ടൂറിസം വകുപ്പിലും ഡിടിപിസിയിലുമായിരിക്കും. മൊഴിയെടുക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടും ചില മാദ്ധ്യമങ്ങൾ അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് എന്ന രീതിയിലാണ് വാർത്ത നൽകിയത്. ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.