സ്കൂളില്‍ ബോംബ് സ്ഫോടനം; വിദ്യാര്‍ഥികളുള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു

കാബുൾ;അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സ്കൂളിനു പുറത്തു ബോംബ് സ്ഫോടനം. വിദ്യാർഥികൾ ഉൾപ്പെടെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണു സൂചന.മർക്കിയിലെ സയ്യദ് അൽ–ഷുഹാദ ഹൈസ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർഥിനികളെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

സ്കൂളിൽ ആൺകുട്ടികൾക്കു രാവിലെയും പെൺകുട്ടികൾക്ക് ഉച്ചതിരിഞ്ഞുമാണു ക്ലാസ് നടക്കുന്നത്. വൈകീട്ട് നാലോടെയാണ് ആക്രമണമുണ്ടായത്.യുഎസ് സൈന്യം രാജ്യത്തുനിന്നു പിന്മാറ്റം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണു ബോംബ് സ്ഫോടനമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈദുൽ ഫിത്തർ ആഘോഷിക്കാനായി നഗരം തയാറെടുക്കവേയാണു ദാരുണ സംഭവമുണ്ടായത്.